രാജ്യസഭാ എംപിയുടെ മകനോടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു, പ്രതിയെ പിടികൂടാതെ പൊലീസ്

ഹൈദരാബാദ്: രാജ്യസഭാംഗത്തിന്റെ മകൻ അമിതവേഗത്തിലും അശ്രദ്ധമായും ഓടിച്ച ആഡംബര കാർ ഇടിച്ച് യുവതി മരിച്ചു. വസ്ത്രാലയത്തിലെ ജീവനക്കാരിയായിരുന്ന ഭാരതി മുഖി (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഓഗസ്റ്റ് 16 നായിരുന്നു സംഭവം. പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ രാജ്യസഭാംഗം ലിംഗമാനേനി രമേഷിന്റെ മകന്‍ ലിംഗമാനേനി സഞ്ജൂഷ് ഓടിച്ച ആഡംബര കാറാണ് യുവതിയെ ഇടിച്ചത്. ഇനോര്‍ബിറ്റ് മാളിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു മരണപ്പെട്ട യുവതി. മധപുരിയില്‍വെച്ച് തന്റെ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
ഭാരതി മുഖിയും സഹപ്രവർത്തക പൂജ അശോക് എലോണും ഉച്ചഭക്ഷണം വാങ്ങാനായി വൈകുന്നേരം മൂന്ന് മണിയോടെ ഐ.ടി.സി കൊഹീനൂരിന് സമീപം എത്തി റോഡ് മുറിച്ച് കടക്കുമ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാരതിയെ അതേ കാറിൽ തന്നെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സഞ്ജുഷ് ഓടിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചത് സഞ്ജുഷ് ആണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായ പവന്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനയുടെ എംപിയും വ്യവസായിയുമാണ് സഞ്ജുഷിന്റെ പിതാവ് എല്‍ രമേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page