കാസർകോട് : സംസ്ഥാന സർക്കാരിന്റെ ഇന്ദിരാഗ്യാരണ്ടി മുഖേനയുള്ള കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രയിൽ നിന്ന് സ്ത്രീയാത്രക്കാർ പിൻവലിയുന്നു. പ്രിയദർശിനി ബസ്സിനായുള്ള നീണ്ട കാത്തിരിപ്പും,ഉള്ള ബസ്സുകളിലെ വലിയ തിരക്കും,ഇതിനിടയിലെ കവർച്ചയുമെല്ലാം സൗജന്യ യാത്രക്കാരായ സ്ത്രീകളെ പ്രിയദർശനിയിൽ നിന്ന് അകറ്റുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
സൗജന്യ യാത്രക്കു തുടക്കത്തിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസ്സുകൾ കട്ടപ്പുറത്താ യതോടെയാണ് യാത്ര ക്ലേശം രൂക്ഷമായത്. ദേശീയപാതയിലൂടെ ഓടുന്ന ബസ്സുകൾ ഒരുപാട് കുറഞ്ഞിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു.ഇതേ തുടർന്നാണ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് കാസർകോട് -മംഗളൂരു റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്നാ വശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണിന് നിവേദനം നൽകി.കേരള കെഎസ്ആർടിസി ബസുകളിലെ കുറവ് മുതലാക്കി ഈ റൂട്ടിൽ കർണാടക കെഎസ്ആർടിസി നല്ല വരുമാനവും ഉണ്ടാക്കുന്നു.
കാസർകോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് താൽക്കാലിക ജോലിക്കാരെ പിരിച്ചുവിട്ടതും, കെഎസ്ആർടിസി ബസ്സുകൾക്ക് കൂടുതൽ സർവീസ് നടത്തുന്നതിന് തടസ്സമായിട്ടുണ്ട്. സൗജന്യ യാത്രയിലെ കാലതാമസം മൂലം സ്ത്രീയാത്രക്കാർ വീണ്ടും സ്വകാര്യ ബസ്സുകളെ ആശ്രയിച്ചു തുടങ്ങിയത് നഷ്ടത്തിലാണെന്ന് പറയുന്ന സ്വകാര്യ ബസ്സുകൾക്ക് അനുഗ്രഹമായിട്ടുണ്ട്. പ്രിയദർശിനി ബസുകളുടെ കുറവുമൂലം സ്വകാര്യ ബസ്സുകളിൽ ഇപ്പോൾ തിരക്കും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.







