കാസര്‍കോട്: കഞ്ചാവ് ലഹരിയില്‍ ബഹളം വച്ചതിനു മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതി കൊല്ലപ്പെട്ട കേസില്‍ പ്രതിയായതോടെ ഗള്‍ഫിലേക്ക് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം, കണ്വതീര്‍ത്ഥ, കുച്ചിക്കാട്ടെ അബ്ദുല്‍ റഹ്‌മാന്‍ സിനാന്‍ (26) ആണ് ബംഗ്‌ളൂരു വിമാനത്താവളത്തില്‍ ഇന്ന് (വെള്ളി) രാവിലെ പിടിയിലായത്. വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചതെന്നു മഞ്ചേശ്വരം പൊലീസ് പറഞ്ഞു.

2024 മാര്‍ച്ച് നാലിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മീഞ്ച, മദക്കളയിലെ മൊയ്തീന്‍ ആരിഫ് (26) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് അറസ്റ്റിലായത്. കഞ്ചാവ് ലഹരിയില്‍ ബഹളം വയ്ക്കുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ച് മൂന്നിന് രാത്രി മഞ്ചേശ്വരം പൊലീസെത്തി മൊയ്തീന്‍ ആരിഫിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ബന്ധുവിനൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. പിറ്റേന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ച നിലയില്‍ മൊയ്തീന്‍ ആരിഫിനെ വീട്ടില്‍ കാണപ്പെടുകയും ഉപ്പളയിലെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ട നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസെത്തി മൃതദേഹം മംഗല്‍പാടി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോയി. പരിശോധനയില്‍ മൃതദേഹത്തില്‍ പരിക്കുകള്‍ കണ്ടെത്തി. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിദഗ്ധ പോസ്റ്റുമോര്‍ട്ടം നടന്നത്. മൊയ്തീന്‍ ആരിഫിന്റേത് കൊലപാതകമാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ നേരത്തെ അസ്വാഭാവിക മരണത്തിനു രജിസ്റ്റര്‍ ചെയ്ത കേസ് വധക്കേസായി മാറി. തുടര്‍ന്ന് കുഞ്ചത്തൂരിലെ ഷൗക്കത്തലി (39), അബൂബക്കര്‍ സിദ്ദിഖ് (33), അബ്ദുല്‍ റഷീദ് (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇന്ന് അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാന്‍ സിനാന്‍ ഉള്‍പ്പെടെ നാലു പേരെ കൂടി പ്രതി ചേര്‍ത്തിരുന്നു. ഒളിവില്‍ പോയ ഈ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയ പ്രതിയെ പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.







