കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ അബദ്ധത്തില്‍ ട്രാക്കില്‍ വീണ് കാണാതായ വിലപിടിപ്പുള്ള രണ്ട് മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് കാസര്‍കോട് ആര്‍പിഎഫ്. കിലോമീറ്ററുകളോളം ട്രാക്കിലൂടെ തിരച്ചില്‍ നടത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ട ഐഫോണുകള്‍ സേന ഉടമസ്ഥര്‍ക്ക് തിരികെ നല്‍കിയത്. ബുധനാഴ്ച രാത്രി മംഗളൂരുവില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത ഒരു വനിതാ യാത്രക്കാരിയുടെ ഏകദേശം 80,000 രൂപവരുന്ന ഐഫോണ്‍ ട്രാക്കില്‍ വീണ് നഷ്ടമായിരുന്നു. വിവരത്തെ തുടര്‍ന്ന്
കാസര്‍കോട് റെയില്‍വേ സംരക്ഷണ സേനയിലെ എ.എസ്.ഐ കെജെ വിനോജ്, കോണ്‍സ്റ്റബിള്‍ ശശീധരന്‍ എന്നിവര്‍ രാത്രിയില്‍ തന്നെ ട്രാക്കിലൂടെ തിരച്ചില്‍ തുടങ്ങി. ഇരുവരും ട്രാക്കിലൂടെ കിലോമീറ്ററുകളോളം നടന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അതിനിടെ വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേയ്ക്ക് യാത്രചെയ്ത ഒരു യാത്രക്കാരന്റെ 68,000 രൂപ വിലവരുന്ന ഐഫോണും ട്രെയിനില്‍ നിന്ന് ട്രാക്കില്‍ വീണ് കാണാതായിരുന്നു. ആ ഫോണും ആര്‍പിഎഫ് തിരഞ്ഞ് കണ്ടെത്തി. രണ്ടുഫോണുകളും ഉടമസ്ഥര്‍ക്ക് സുരക്ഷിതമായി കൈമാറി. നഷ്ടപ്പെട്ടുവെന്ന് കരുതിയ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ യാത്രക്കാര്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രക്കാരുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നല്‍കുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥമായ സേവനത്തെ യാത്രക്കാര്‍ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. എ.എസ്.ഐ കെജെ വിനോജ്, കോണ്‍സ്റ്റബിള്‍ ശശീധരന്‍ എന്നിവരുടെ സമയോചിതമായ ഇടപെടലും ആത്മാര്‍ത്ഥമായ സേവനവും അഭിനന്ദനാര്‍ഹമായി.







