കാസർകോട്: യുക്രെയ്നിൽ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് സ്വദേശി വാലി പ്ലാക്കൽ അഖിൽ ജോയന്റെ(26) മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗ്ഗം വെള്ളരിക്കുണ്ടിൽ എത്തിക്കും. കഴിഞ്ഞ ജൂലൈ 20നാണ് അഖിൽ കൊല്ലപ്പെട്ടത്. ഉച്ചയോടെയാണ് മരണപ്പെട്ടതായുള്ള വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. എം വി ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖിൽ. യുദ്ധരംഗത്തുള്ള ദുരന്തമായതിനാൽ അഖിലിന്റെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുമാസം വേണ്ടിവന്നു. രണ്ടുമാസത്തെ ലീവിൽ നാട്ടിലെത്തിയ അഖിൽ 40 ദിവസം മുൻപാണ് വീണ്ടും ജോലിസ്ഥലത്തേക്ക് പോയത്. ഇതിനിടയിലാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചത്. അടുത്ത ഏപ്രിലിൽ നാട്ടിലെത്തുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനമുണ്ടാക്കിയത്. വാലി ജോയന്റെയും സാലിയുടെയും ഏക മകനാണ് മരണപ്പെട്ട അഖിൽ.







