ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയത് സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കൊണ്ടമല്ലേപ്പള്ളി നാഗാര്‍ജുന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതും സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തതും അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈമാസം 11 ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 27 മുറിവുകളുണ്ടായിരുന്നു. പ്രതികള്‍ വീട്ടില്‍ നിന്ന് പണവും കവര്‍ന്നിരുന്നു. കൊലപാതകത്തിന് ശേഷം, അവര്‍ വീട്ടില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അമ്മായിയമ്മയുമായി കൊല്ലപ്പെടും മുമ്പ് രൂപ സംസാരിച്ച അവസാന ഫോണ്‍ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. സാധാരണ രൂപ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. അങ്ങനെ പൊലീസ് വിദ്യാര്‍ഥികളെ നിരീക്ഷിച്ചുവരികയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന അഞ്ചുപേരുള്‍പ്പെടെ 13 വിദ്യാര്‍ത്ഥികളെ പൊലീസ് ആദ്യം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രണ്ടുദിവസത്തിലധികമായി രണ്ട് കുട്ടികള്‍ സ്‌കൂളില്‍ ഹാജരായിരുന്നില്ല. ഹാജരാകാതിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ അമിതമായി പണം ചെലവഴിക്കുന്നതായി കണ്ടെത്തിയതോടെ ഇവരെ പിടികൂടി ചോദ്യം ചെയ്തു. ഇവരില്‍നിന്ന് 1.54 ലക്ഷം രൂപയും ഒരു ഐഫോണും രൂപ റെഡ്ഡിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് കണ്ടെത്തിയ കറന്‍സി നോട്ടുകളിലെ രക്തം രൂപ റെഡ്ഡിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ കൊല നടത്തിയത് ഇവരെന്ന് പൊലീസ് ഉറപ്പാക്കി. കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യാര്‍ഥികള്‍ കുറ്റം സമ്മതിച്ചു. മദ്യത്തോടും ബൈക്കിനോടും താല്‍പര്യമുള്ളവരായിരുന്നു പ്രതികള്‍. പണം ലഭിക്കാനുള്ള വഴി തേടി നടക്കുകയായിരുന്നു. ഒരാളില്‍നിന്ന് നേരത്തെ പ്രിന്‍സിപ്പല്‍ രൂപയും സ്‌കൂള്‍ ജീവനക്കാരും മൊബൈല്‍ ഫോണും പണവും കണ്ടെത്തിയിരുന്നു. ഇതാണ് പ്രിന്‍സിപ്പലിനെ അക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. കൂടാതെ സ്‌കൂള്‍ ഫീസ് പിരിവില്‍ നിന്നുള്ള പണം രൂപയുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് ഇവര്‍ കരുതിയിരുന്നു. പണം മോഷ്ടിക്കാനാണ് ഇവര്‍ രൂപയുടെ വീട്ടിലെത്തിയത്. മുഖം മൂടിധരിച്ച് മോഷണം നടത്തി വരുന്നതിനിടെ രൂപ വിദ്യാര്‍ഥികളെ കണ്ടു. തങ്ങളെ തിരിച്ചറിഞ്ഞ പ്രിന്‍സിപ്പല്‍ മറ്റുള്ളവരെ അറിയിക്കുമെന്ന് ഭയന്നാണ് അവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴുക്കുചാലിലേയ്ക്ക് വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍, ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ നടപടികളും അന്വേഷണവും തുടരുമെന്നു പൊലീസ് അറിയിച്ചു.








