വഡോദര: നിർത്തിയിട്ട ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് ഗുജറാത്തിലെ വഡോദരയിൽ ആണ് സംഭവം. ദിവ്യേഷ് റാത്വ എന്ന ഏഴു വയസ്സുകാരനാണ് മരിച്ചത്. കൂലിപ്പണിക്കാരായിരുന്നു ദിവ്യേഷിന്റെ മാതാപിതാക്കൾ. ഗാരേജിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഗ്യാരേജിന് സമീപത്തേക്ക് പോവുകയായിരുന്നു. അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിലേക്ക് കുട്ടി കയറാൻ ശ്രമിച്ചു. പെട്ടെന്നാണ് ബസ്സിന്റെ ഹൈഡ്രോളിക് വാതിൽ അടഞ്ഞത്. കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങിപ്പോയി. ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ ഓടിയെത്തി വാതിൽ തുറന്ന് രക്ഷിക്കാൻ ശ്രമിച്ചു. പുറത്തെടുത്തപ്പോഴേക്കും കുട്ടിയുടെ ബോധം നഷ്ടമായിരുന്നു. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കുട്ടി അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ ഗ്യാരേജിലെ സിസിടിവിയിൽ നിന്ന് പൊലീസ് ശേഖരിച്ചു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ അഭിഷേക് ഗുപ്ത പറഞ്ഞു.








