തിരക്കേറിയ കാസർകോട് എംജി റോഡിൽ ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ബാങ്കോട്ടെ ഹനീഫ് മരിച്ചു

കാസര്‍കോട്: നഗരത്തിലെ എംജി റോഡിലെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാനഗര്‍ ബി സി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ലോറി ഇടിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു എന്ന് പറയുന്നു. അതീവ ഗുരുതര നിലയില്‍ പരിക്കേറ്റ ഹനീഫയെ നാട്ടുകാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതര നിലയിലായിരുന്ന ഹനീഫ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. നേരത്തെ ഗള്‍ഫിലായിരുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയശേഷം തിരുവനന്തപുരം സ്വദേശി വിജയരാജ്, മുബാറക്ക് ദൃശ്യ എന്നിവര്‍ക്കൊപ്പം ഫോര്‍ സൈറ്റ് സ്ഥാപനമാരംഭിക്കുകയായിരുന്നു. പാര്‍ട്ണര്‍മാര്‍ പിരിഞ്ഞതോടെ സ്ഥാപനം ഹനീഫ നടത്തിവരുകയായിരുന്നു. ബാങ്കോട്ടെ പരേതരായ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സിബിരിയ. മക്കള്‍: ഉസ്‌ന, ഇഷാം(ഗള്‍ഫ്), ആനിയ, അസ്വ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page