കാസർകോട്: ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ഇത് സംബദ്ധിച്ച് കളക്ടർ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ച് 10 ദിവസത്തിനകമാണ് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്.
നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സർക്കാറിൻ്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് കാസർകോട് ജില്ലയിലെ പെരിയയെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന 274.69 ഏക്കർ സർക്കാർ ഭൂമി എയിംസ് സ്ഥപിക്കുന്നതിന് അനുയോജ്യമാണ്.
കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകളും മംഗളൂരു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളും യാത്രാ സൗകര്യത്തിനായി ഉണ്ട്. ജില്ലാ കളക്ടർക്കൊപ്പം
ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി. രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഹൊസ്ദുർഗ് തഹസിൽദാർ കെ. രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, സർവ്വേ ഉദ്യോഗസ്ഥർ, പി സി കെ യൂണിറ്റ് മാനേജർ സജീവ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയത്.







