ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ആസൂത്രിതം. 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ ആദ്യം തയാറാക്കിയ പദ്ധതി വീടിന്റെ ഓടുപൊളിച്ച ശേഷം ശിവന്‍കുട്ടിയുടെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്താനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ആശയം ഉദിച്ചത് 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്നാണ്.
ഓടിന് താഴെ മച്ച് പാകിയിരുന്നത് ആണ് പദ്ധതി പാളാന്‍ കാരണമായത്. വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും ആണ്‍സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ശിവന്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ 13കാരി ആണ്‍സുഹൃത്തിന് അയച്ചു നല്‍കിയതടക്കമുള്ള ഫോണ്‍ രേഖകള്‍ കേസില്‍ നിര്‍ണ്ണായക തെളിവായിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ഉടനീളം പെണ്‍കുട്ടിക്ക് ഒരു ഭാവഭേദവും ഇല്ലാതിരുന്നു. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്യത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ശിവന്‍കുട്ടിയോട് തനിക്ക് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. തന്നെ വയോധികന്‍ മോശമായി സ്പര്‍ശിച്ചു എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പക്ഷേ മുന്‍ വൈരാഗ്യത്തിന് കുട്ടി പറഞ്ഞ കാരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലയില്‍ നേരിട്ട് പങ്കാളികളായ മൂന്ന് പേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 13 കാരിയെ ബുധനാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.








