സവര്‍ക്കറെ പുകഴ്ത്തി ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഭവം; അധ്യാപകന്‍ ഗുരുപ്രസാദിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സ്‌കൂള്‍ ക്വിസ് മത്സരത്തിനായി വിഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരുമാസത്തേയ്ക്കാണ് ഇടക്കാല സ്റ്റേ ചെയ്തത്. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിവേണം അധ്യാപകനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അച്ചടക്ക നടപടി തുടരാമെന്നും കോടതി വ്യക്തമാക്കി. പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. എ.ഇഒയുടെ അനുമതിയോടെയാണ് ചോദ്യാവലി തയ്യാറാക്കിയതെന്നും ചരിത്രപരമായ കാര്യമാണ് ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയതെന്നും അധ്യാപകന്‍ ഹര്‍ജിയില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് തയാറാക്കി നല്‍കിയ എല്‍.പി വിഭാഗം ‘ഫ്രീഡം ക്വിസ്’ മത്സരത്തിനുള്ള ചോദ്യാവലിയാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ‘ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായാണ് വിഡി സവര്‍ക്കറുടെ പേര് നല്‍കിയിരുന്നത്. ചരിത്രവസ്തുതകള്‍ക്ക് നിരക്കാത്ത ചോദ്യം തയാറാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകനായ ഗുരുപ്രസാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page