കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥി മായാ രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായി.
ബുധനാഴ്ച രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുല്‍ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്. മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകള്‍ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായകമായ മാറ്റത്തിന് വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്.








