പയ്യന്നൂർ: മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയെയും കുടുംബത്തെയും അക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് ആയുധങ്ങളും ചന്ദനമുട്ടികളും പിടികൂടി. കല്യാശേരി പാറക്കടവ് പയ്യന്‍ ഹൗസില്‍ സനു സന്തോഷിന്റെ (42) വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി: പി.കെ.മണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും ചന്ദനമുട്ടികളും പിടിച്ചെടുത്തത്. 5.336 കിലോ ഗ്രാം ചന്ദനമുട്ടി, മൂന്ന് ഇരുമ്പുവടി, ഒരു കൊടുവാള്‍, ഒരു എസ് കത്തി എന്നിവയാണ് കണ്ടെടുത്തത്.
ഹൈവേ കൊള്ളക്കേസില്‍ ആദ്യം പിടിയിലായ പ്രതിയാണ് സനു സന്തോഷ്. കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സനു സന്തോഷ്. ഹൈവേ കൊള്ളക്കേസില്‍ തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് പയ്യന്നൂര്‍ പോലീസ് ഇയാളുടെ വീടുകളില്‍ പരിശോധന നടത്തിയത്. പാറക്കടവിലെ വീടിന് പുറമെ തളിപ്പറമ്പ് പുളിമ്പറമ്പിലെ തറവാട്ട് വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂങ്കാവിലെ ജിജിന്റെ വീട്ടിലും ഇന്നലെ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു.
സനു സന്തോഷിനെ അറസ്റ്റ് ചെയ്ത് പിടിച്ചെടുത്ത സാധനങ്ങള്‍ സഹിതം കണ്ണപുരം പൊലീസിന് കൈമാറി. എസ്.ഐ: പ്രകാശന്‍, എ.എസ്.ഐമാരായ ശ്രീകാന്ത്, മോഹനന്‍, സി.പി.ഒമാരായ ഷിജു, പ്രതീഷ്, ശില്‍പ്പ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ജൂണ്‍ ഒന്നിന് രാത്രിയാണ് മഹാരാഷ്ട്ര സ്വദേശി കുമാറും കുടുംബവും സഞ്ചരിച്ച കാര്‍ തട്ടിയെടുത്ത് കവര്‍ച്ച നടത്തിയത്.







