വൃഷണം വിറ്റാല്‍ കോടികള്‍ കിട്ടും; വാഗ്ദാനത്തിൽ വിശ്വസിച്ച ബിബിഎ വിദ്യാർത്ഥിയും കൂട്ടുകാരും 17-കാരനെ കൊന്ന് വൃഷണം മുറിച്ചെടുത്തു

ഭോപ്പാൽ: വൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് വിശ്വസിച്ച ബി ബി എ വിദ്യാർത്ഥിയും കൂട്ടുകാരും കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വൃഷണം മുറിച്ചെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്‌. തെരുവിൽ പേനയും കീചെയിനും വിറ്റ് കുടുംബം പോറ്റിയിരുന്ന പതിനേഴുകാരന്റെ വൃഷണമാണ് 5 അംഗ സംഘം കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം ബ്ലേഡുപയോഗിച്ച് എടുത്തത്. നൂറുരൂപ നൽകാമെന്നു പറഞ്ഞ് കൗമാരക്കാരനെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് കൊടും ക്രൂരകൃത്യം നടത്തിയത്‌. ഇക്ബാൽ മൈതാൻ സ്വദേശിയായ 17കാരനെയാണ് ഇവർ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബി.ബി.എ. രണ്ടാംവർഷ വിദ്യാർഥിയായ സോഹിബ് ഖാൻ(20), ആമിർ ഖുറേഷി(18), പ്രായപൂർത്തിയാകാത്ത മറ്റു മൂന്നുപേർ എന്നിവരെ പൊലീസ് പിടികൂടി. സോഹിബ് ഖാൻ ആണ് ഇതിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. കൗമാരക്കാരന്റെ വൃഷണം വിറ്റാൽ 1.20 കോടി രൂപ കിട്ടുമെന്ന് ഇൻസ്റ്റഗ്രാം റീലിൽ കണ്ട സോഹിബ് ഖാൻ അത് വിശ്വസിച്ചു. പിന്നീട് പരിചയത്തിൽപ്പെട്ട നാലുപേരെ വിശ്വസിപ്പിച്ച് കൊല നടത്താൻ കൂടെ കൂട്ടുകയായിരുന്നു.
സോഹിബ് ഫോൺവഴി നൽകിയ നിർദേശങ്ങളനുസരിച്ചാണ് കൃത്യം നടത്തിയത്. പിന്നീട് നാൽവർ സംഘം സോഹിബിന്റെ നിർദേശപ്രകാരം മൃതദേഹത്തിൽ നിന്ന് വൃഷണം മുറിച്ചെടുത്ത് പോളിത്തീൻ കവറിലാക്കി സൂക്ഷിച്ചു.
കൊലപാതകത്തിനു ശേഷമാണ് വൃഷണം ആർക്ക് വിൽക്കുമെന്നതിനെക്കുറിച്ച് പ്രതികൾ ആലോചിച്ചത്. വൻ തുക നൽകി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളോളം കാത്തിരുന്നു. എന്നാൽ ഒടുവിൽ തങ്ങൾ കബളിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലായത്. ഇതോടെ അവർ വൃഷണം വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഈ മാസം ആറ് മുതലാണ് 17 കാരനെ കാണാതായത്. 11ന് 17കാരന്റെ മൃതദേഹം ഛോട്ടാ തലാബ് എന്ന തടാകത്തിൽ നിന്ന് കണ്ടെത്തി. ഈ കേസിലെ അന്വേഷണമാണ് ഭോപ്പാൽ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ മാഫിയയിലേക്ക് എത്തിയത്. പ്രതികൾ കണ്ട ഇൻസ്റ്റഗ്രാം വീഡിയോക്ക് പിന്നിലെ ആളുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വൻ തുക വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായാണ് പൊലീസ് വിലയിരുത്തൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page