കൊച്ചി: കോതമംഗലം എംഎ കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ ഇയര്‍ഔട്ട് ആകുമെന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. അരുണാചല്‍ പ്രദേശ് സ്വദേശി മിച്ചി മിര്‍പ്പുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. കോളേജിനടുത്ത് വിദ്യാർഥികൾ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ മിർപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റ് എന്‍ജിനീയറിങ് കോളജുകളിലെല്ലാം കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ 18 ആയിരിക്കെ, എംഎ കോളേജില്‍ മാത്രം അത് 22 ആണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. കോളേജ് മാനേജ്‌മെന്റ് ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും, മന്ത്രിയടക്കം ഇടപെട്ടിട്ടും കോളേജ് വഴങ്ങിയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.








