നഴ്‌സിംഗ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു; മാനസിക പീഡനമെന്ന് പരാതി

തിരുവനന്തപുരം: മാര്‍ത്താണ്ഡത്തെ സ്വകാര്യ നഴ്സിങ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര കത്തിപ്പാറ സ്വദേശിനി അന്‍സിജി (21) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോളേജിലെ മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. കന്യാകുമാരി ജില്ലയിലെ കരുങ്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് കഴിഞ്ഞദിവസം അന്‍സിജി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആദ്യം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
ഹോസ്റ്റലിലെ മോശം ഭക്ഷണത്തിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അന്‍സിജി ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സമരം ചെയ്ത വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ഇവര്‍ പുറത്തെ സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിച്ചു വരികയുമായിരുന്നു. ഇതിന് ശേഷവും അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ഥികളെ മാനസികമായി ഉപദ്രവിച്ചിരുന്നതായി രക്ഷിതാക്കള്‍ കരുങ്കല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനി കോളേജില്‍ മൊബൈല്‍ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഉയര്‍ന്ന ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page