ചെർക്കള: ജില്ലയിലെ തിരക്കേറിയ പ്രധാന ടൗണുകളിലൊന്നായ ചെർക്കളയിൽ റോഡ് തകർച്ച പൂർണം. വാഹന ഗതാഗത തടസ്സത്തോടൊപ്പം കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലെ ചെളിവെള്ളം സമീപത്തെ വ്യാപാരികൾക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.
ചെർക്കള ടൗണിൽ ദേശീയപാത മേൽപ്പാലത്തിന്റെ ജോലികൾ മന്ദഗതിയിലാണ് നീങ്ങുന്നത്.ഇതിന്റെ അടിഭാഗത്ത് മൊത്തം ചെളി നിറഞ്ഞു കിടക്കുന്നത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ഒരുഭാഗത്ത് ദുരിതം വിതക്കുമ്പോൾ ദേശീയപാതയുടെ ഭാഗമായ പ്രധാന റോഡുകളെല്ലാം തന്നെ നഗരത്തിൽ തകർന്ന് കുണ്ടും,കുഴിയുമായി കിടക്കുന്നതു കൊണ്ട് വലിയ പ്രയാസമാണ് ടൗൺ നിവാസികൾ നേരിടുന്നത്.
ടൗണിലെ കുഴികൾ എണ്ണാൻ തുടങ്ങിയാൽ തിട്ടപ്പെടുത്താൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നുണ്ട്. റോഡിലെ കുഴികൾ ചിലയിടങ്ങളിൽ വലിയ ഗർത്തങ്ങളായും രൂപാന്തരപ്പെട്ടിട്ടുണ്ട്. ദിവസേന നൂറുകണക്കിന് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന പാതയാണ് ചെർക്കള ടൗൺ.ചെർക്കള ടൗണിൽ നിന്ന് ബദിയടുക്ക, ബോവി ക്കാനം, ചട്ടഞ്ചാൽ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ,നിരവധി സ്വകാര്യ ബസ്സുകളും ഓടുന്നുണ്ട്.ടൗണിന് സമീപത്തായി തന്നെ സർക്കാർ സ്കൂളുകൾ അടക്കം ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളുമുണ്ട്. ഇവിടെനിന്ന് ടൗണിൽ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് റോഡിലെ കുഴിയും,ചളി വെള്ളവും മൂലം നടന്നുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
റോഡ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേശീയപാത നിർമ്മാണ കമ്പനിയാണ്. ദേശീയപാതയുടെ നിർമ്മാണം തന്നെ ഒരു ഭാഗത്ത് മന്ദഗതിയിൽ ഉള്ളപ്പോൾ പിന്നെ റോഡിന്റെ കാര്യം ശ്രദ്ധിക്കാൻ അവർക്ക് എവിടെയാണ് സമയമെന്ന് നാട്ടുകാർ ചോദിക്കുന്നു. മഴക്കാലത്തിനു മുമ്പ് തന്നെ റോഡുകളുടെയും, അടിപ്പാതകളുടെയും ശോചനീയാസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ചെങ്കള പഞ്ചായത്ത് ഭരണസമിതിയും, എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും,നാട്ടുകാരും,വ്യാപാരികളും, സന്നദ്ധസംഘടനകളും, ആവശ്യപ്പെട്ടിരുന്നതാണ്.നിർമ്മാണ കമ്പനി അധികൃതർ ഇത് ചെവി കൊണ്ടില്ലെന്നാണ് ആക്ഷേപം.







