കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിതക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള യുഡിഎഫ് നീക്കത്തിനിടയില്‍ കോണ്‍ഗ്രസ് അംഗം രാജി വച്ചു.
കൂടാനം വാര്‍ഡ് അംഗം എ. കാര്‍ത്യായനിയാണ് ഇന്ന് (വെള്ളി) പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു രാജിക്കത്ത് നല്‍കിയത്. സ്വന്തം ലെറ്റർ പാഡിലാണ് കാർത്യായനി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ല. ലെറ്റർ പാഡില്‍ രാജിക്കത്ത് നല്‍കിയാല്‍ സാധുതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് സ്വീകരിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
19അംഗ ഭരണസമിതിയാണ് പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് ഒന്‍പത് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് സബിത പ്രസിഡണ്ടായത്. അവിശ്വാസം വിജയിച്ചാല്‍ പ്രസിഡണ്ട് ആരാകണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാര്‍ത്യായനിയുടെ രാജിക്കിടയാക്കിയതെന്നു പറയുന്നു.







