കൊച്ചി: വാക്കു തര്‍ക്കത്തിനിടയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. വടക്കന്‍ പറവൂര്‍, തുരുത്തിപ്പറമ്പില്‍ ഇന്ന് (വ്യാഴം) രാവിലെയാണ് സംഭവം. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയുടെ ആണ്‍സുഹൃത്ത് ഷിബിന്‍ ആണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
ഷിബിനും സുരമ്യയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. യുവതി പലപ്പോഴും ഷിബിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇന്നു രാവിലെ വീട്ടിലെത്തി ഇരുവരും ഒരു മുറിയില്‍ കയറി സംസാരിക്കുകയായിരുന്നു. ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിക്കൊലപ്പെടുത്തിയത്. യുവതിയുടെ നിലവിളി കേട്ടപ്പോഴാണ് ഷിബിന്റെ വീട്ടുകാര്‍ സംഭവം അറിഞ്ഞതത്രെ. വിവരമറിഞ്ഞ് പൊലീസെത്തി ഷിബിനെ കസ്റ്റഡിയിലെടുത്തു. സുരമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








