തിരുവനന്തപുരം: അന്തരിച്ച മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. 2024 ഒക്ടോബര്‍ 14നു കണ്ണൂരില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ പ്രസംഗത്തില്‍ നവീന്‍ ബാബുവിനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചിരുന്നു. കൂടാതെ ഈ പ്രസംഗ വിഡിയോ ദിവ്യ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയില്ല. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു.








