പാറ്റ്‌ന: ഓട്ടോയും ബസും കൈ കാണിച്ച് നിര്‍ത്തി ആളെ കയറ്റി വിടുന്നത് പോലെ ഭാര്യയക്കും കുടുംബത്തിനും കയറിപ്പോകാന്‍ കൈ കാണിച്ച് യുവാവ് ട്രെയിന്‍ നിര്‍ത്തിച്ചു. ബീഹാറിലെ ഒരു റെയില്‍വേ ക്രോസിംഗില്‍ ഒരാള്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം വിവാദമായതോടെ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഈമാസം എട്ടിന് ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ കുമാര്‍ബാഗ് റെയില്‍വേ സ്റ്റേഷന് സമീപത്തെ റെയില്‍വേ ക്രോസിലാണ് സംഭവം നടന്നത്. ട്രെയിന്‍ പോകാനായി റെയില്‍വേ ക്രോസ് അടിച്ചിട്ടിരുന്നു. ഈസമയത്ത് സ്ത്രീകളുമായി എത്തിയ യുവാവ് ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രെയിന് നേരെ കൈ കാണിച്ചു.
ട്രെയിന്‍ നിര്‍ത്തിയതോടെ യുവാവിനൊപ്പം ഉണ്ടായിരുന്ന സ്ത്രീകളെല്ലാം ഓടിക്കയറി. സംഭവം കണ്ട് ഗേറ്റ് മാനും മറ്റ് വാഹനയാത്രക്കാരും അമ്പരന്നു. സ്റ്റേഷനില്‍ നിന്ന് വിട്ടുപോയ ട്രെയിനിനെ കുടുംബത്തിനായി യുവാവ് നിര്‍ത്തിച്ചുവെന്നാണ് വിഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്. അതേസമയം, റെയില്‍വേ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരി പച്ചക്കൊടി കാട്ടുന്നതും ഗേറ്റ്മാന്‍ നോക്കി നില്‍ക്കുന്നതും വിഡിയോവിലുണ്ട്. പലവിധത്തിലുള്ള കമന്റുകളും വിഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. എന്നാല്‍ അപകടമൊഴിവാക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതാണെന്നാണ് പ്രാഥമിക വിശദീകരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ലോക്കോ പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് പെട്ടെന്ന് മനസിലായില്ലെന്നും ഇതേ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയതെന്നുമാണ് പ്രചരണം.








