കാസര്‍കോട്: കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു, ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ പരേതനായ മാധവയുടെ മകന്‍ വിനായക് (26) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്.
ഞായറാഴ്ച രാവിലെ പണിക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടർന്ന് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നാട്ടുകാര്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടയിൽ കുഡ്‌ലു, വിവേകാനന്ദ നഗർ, ഡി. എസ്.സി ക്ലബ്ബിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തിനു സമീപത്ത് വിനായകിന്റെ ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. കുളത്തില്‍ നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകുവിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബദ്ധത്തില്‍ കുളത്തില്‍ വീണതായിരിക്കുമെന്നു സംശയിക്കുന്നു.
ലക്ഷ്മിയാണ് വിനായകിന്റെ മാതാവ്. രാജേഷ്, വിജേത്ത്, പരേതയായ ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്.







