നാരായണന്‍ പേരിയ
ആ ‘പട്ടിപ്പാട്ട്’ (പെട്ടിപ്പാട്ട് അല്ല, ‘പട്ടിപ്പാട്ട്’പട്ടിയെ വളര്‍ത്തുന്ന പാട്ട്)എഴുതിയ കവിയെയും കൂട്ടുപ്രതിയാക്കുമോ? നായൊരു നല്ല മൃഗം എന്നല്ലേ പാടിയത്! നല്ല മൃഗം. പക്ഷേ, അത് വീട്ടില്‍ കാവല്‍ കിടക്കുന്ന നായയെപ്പറ്റിയാണ്. എന്നാല്‍, ഇവിടെ പ്രതി തെരുവ് നായയാണ് ‘കാവല്‍നായ’അല്ല.
കണ്ണൂര്‍ എരുവേശി പഞ്ചായത്തിലെ ഒരു മധ്യവയസ്‌ക്കന്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസ്. 2007ല്‍ ആണ് കേസിന് കാരണമായ സംഭവം ഉണ്ടായത്. പത്തൊമ്പത് കൊല്ലം മുമ്പ്. അയാള്‍ക്ക് ഇപ്പോള്‍- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞപ്പോള്‍ വയസ്സ് എഴുപത്.
പഞ്ചായത്തിലെ പൊതുവഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരു തെരുവുനായ അയാളെ കടിച്ചു കടിയേറ്റുണ്ടായ മുറിവ് കരിയുന്നത് വരെ, ദിവസങ്ങളോളം ജോലികളൊന്നും ചെയ്യാന്‍ കഴിയാതെയായി. പേപ്പട്ടിയാണോ എന്ന അങ്കലാപ്പ്. ഭാഗ്യം തുണച്ചു. പേപ്പട്ടി ആയിരുന്നില്ല. സുഹൃത്തുക്കളുടെ ഉപദേശപ്രകാരം ആയിരിക്കാം നഷ്ടപരിഹാരം തേടി പഞ്ചായത്ത് അധികൃതരെ കണ്ടു. തെരുവു നായയുടെ കടിയേറ്റതുകൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നു,
ഉപജീവനമാര്‍ഗ്ഗം മുടങ്ങി. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണം. പഞ്ചായത്ത് ഭരിക്കുന്നവര്‍ തയ്യാറാകുന്നില്ല.കോടതി ഇടപെടണം. അനുകൂലമായ ഉത്തരവിടണം എന്നപേക്ഷിച്ചു കേസ് ഫയല്‍ ചെയ്തു.
കീഴ്‌കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാതിരുന്നത് കൊണ്ടോ, അപ്രകാരം വിധിച്ചിട്ടും അധികാരികള്‍ ഒന്നും ചെയ്യാതിരുന്നത് കൊണ്ടോ എന്നറിയില്ല (പത്രവാര്‍ത്തയില്‍ കണ്ടില്ല)പരാതിക്കാരന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റീസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ് തെരുവ് നായകളെ പൊതുസ്ഥലങ്ങളില്‍ അലഞ്ഞു നടക്കുന്നത് തടയേണ്ടത് എന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരന് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് ഉത്തരവിട്ടു. അതിനുള്ള ന്യായം കോടതി വ്യക്തമാക്കി.
തെരുവ് നായകളെ നിയന്ത്രിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. അത് ചെയ്യാത്ത എരുവേശി പഞ്ചായത്ത് കൃത്യവിലോപത്തിനുള്ള ശിക്ഷയായി തെരുവ് നായയുടെ കടിയേറ്റ വ്യക്തിക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം.
പഞ്ചായത്തതിര്‍ത്തിക്കുള്ളില്‍ അലഞ്ഞു നടക്കുന്ന നായകളെ നിയന്ത്രിക്കണം. അവയെ പിടികൂടി വന്ധ്യംകരിച്ച് ഷെല്‍ട്ടറുകളില്‍ അടക്കണം പഞ്ചായത്തധികൃതര്‍. അതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥ വിഭാഗത്തെ ചുമതലപ്പെടുത്തണം. ഇക്കാര്യത്തിലേക്കായി മേല്‍നോട്ട സമിതികളെ നിയമിക്കണം. ഇതിനെല്ലാം കൂടി വലിയ പണച്ചെലവ് വരില്ലേ? അതിനുമാത്രമുള്ള പണം? ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ വേണ്ടി, ഇമ്മാതിരി തടസ്സവാദങ്ങളുന്നയിക്കരുത്. പൊതു നിരത്തുകള്‍ ജനങ്ങളുടെ സൈ്വര യാത്രയ്ക്കുള്ളതാണ്. അത് സുരക്ഷിതമാക്കേണ്ടത് പഞ്ചായത്ത് ഭരിക്കുന്നവരാണ.് അവരുടെ പ്രാഥമികമായ ഉത്തരവാദിത്വം. പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അതിന് വിഘാതമുണ്ടാക്കുന്ന യാതൊന്നും അനുവദിക്കാന്‍ പാടില്ല. ഉത്തരവാദിത്വ ലംഘനം ശിക്ഷാര്‍ഹമാണ്- കോടതി വ്യക്തമാക്കി.
ആക്രമണമുണ്ടായാല്‍ ആറുമാസത്തിനകം കേസ് ഫയല്‍ ചെയ്യണം. ആ സമയപരിധിക്കുള്ളില്‍ പരാതിപ്പെട്ടില്ലെങ്കില്‍ പിന്നെ… ഈ നിബന്ധന (പഞ്ചായത്തീരാജ് നിയമത്തിലെ)തെരുവുനായയുടെ ആക്രമണമേറ്റ പ്രശ്‌നത്തില്‍ ബാധകമല്ല. സമയപരിധിയില്ല പരാതിപ്പെടാന്‍. കോടതി ചൂണ്ടിക്കാട്ടി. മൂന്നുവര്‍ഷത്തിനകം നഷ്ടപരിഹാരത്തുക ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ് എന്നും കോടതി പറഞ്ഞു.
ഈ കേസില്‍ പഞ്ചായത്ത് കോടതിയില്‍ ബോധിപ്പിച്ചത്:മൃഗങ്ങളോട് ക്രൂരത കാട്ടാന്‍ പാടില്ല എന്ന് നിയമമുണ്ട്. ജനന നിയന്ത്രണ ചട്ടങ്ങളുമുണ്ട്. തെരുവുനായകളെ നിയന്ത്രിക്കുന്നതിന് തടസ്സമാകുന്നു ഈ നിയമങ്ങള്‍ പഞ്ചായത്ത് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ചുമതലയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ഇമ്മാതിരി തടസ്സവാദങ്ങളുന്നയിക്കരുത്- കോടതി കടുത്ത താക്കീത് നല്‍കി.
ഇങ്ങനെയൊരു കോടതിവിധി നേടിയെടുക്കുന്നതിന് തെരുവുനായയുടെ കടിയേറ്റ വ്യക്തിക്ക് പത്തൊമ്പത് കൊല്ലം കാത്തിരിക്കേണ്ടി വന്നു. എഴുപതാം വയസ്സിലെങ്കിലും നഷ്ടപരിഹാരം അനുവദിച്ചുവല്ലോ. പഞ്ചായത്തിനെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തു.
പക്ഷേ, അനുവദിച്ച തുക-പതിനായിരം രൂപ. കടിയേറ്റിട്ട് അധികം വൈകാതെ ലഭിച്ചിരുന്നെങ്കിലോ? ഇന്നത്തെ പതിനായിരം രൂപയ്ക്ക് അന്ന് -2007ല്‍- എന്തായിരുന്നു മൂല്യം? ബഹുമാനപ്പെട്ട കോടതി അക്കാര്യം കൂടി പരിഗണിക്കേണ്ടതായിരുന്നു.
എങ്കിലും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പാഠമാകേണ്ടതാണ് ഈ പട്ടികടി കേസും വിധിയും. അപൂര്‍വത്തില്‍ അപൂര്‍വ്വം എന്ന് വിശേഷിക്കപ്പെടേണ്ട കേസ്. പക്ഷേ, വല്ലാതെ വൈകിപ്പോയി. വൈകിയെത്തുന്ന ന്യായവിധി, ഫലത്തില്‍ ന്യായനിഷേധം!.








