കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള, ബേക്കൂറിലെ റിയാസ്, നെല്ലിക്കട്ട, ചൂരിമൂലയില്‍ താമസക്കാരനായ റഫീഖ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി.നിതിന്‍ രാജിന്റെ കീഴിലുള്ള നാര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് ടീമും ആദൂർ പൊലീസും ഇന്ന് (ചൊവ്വ) പുലര്‍ച്ചെ അഞ്ചരമണിയോടെ ആദൂര്‍, പള്ളം, പാലത്തിനു സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്. അറസ്റ്റിലായവരില്‍ നിന്നു 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തുടരുന്നു.
2019 ജൂണ്‍ 23ന് രാത്രി ഉപ്പള, കൈക്കമ്പയിലെ അല്‍ത്താഫ് എന്നയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ബേക്കൂര്‍ റിയാസ്. ഇയാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ വിവിധ കേസുകളുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.







