കാസർകോട്: കൂൺ കൃഷിയിൽ വിജയഗാഥ രചിച്ച യുവകർഷകൻ സച്ചിൻ പൈക്ക് സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചു. ചിങ്ങം ഒന്നിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി അവാർഡ് സമ്മാനിക്കും. കാഞ്ഞങ്ങാട് സ്വദേശിയാണ് സച്ചിൻ. ബളാൽ പഞ്ചായത്തിലെ ഇടത്തോടുള്ള സ്ഥലത്താണ് കൂൺ കൃഷി ചെയ്യുന്നത്. അഗ്രികൾച്ചറൽ എന്റമോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സച്ചിൻ ജി പൈ, തന്റെ ഹൈടെക് സംരംഭമായ ന്യൂട്രിബഡ്സ് മഷ്റൂം ഫാമിലൂടെ കേരളത്തിലെ കൂൺ കൃഷി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന യുവകർഷകനാണ്. ഹൈടെക് കൂൺ ഫാം നിലവിൽ പ്രതിവർഷം ഏകദേശം 30 മെട്രിക് ടൺ കൂൺ ഉത്പാദിപ്പിക്കുന്നു. ഇത് ഏകദേശം 50 ലക്ഷം രൂപ വാർഷിക വരുമാനം ഉണ്ടാക്കുന്നു. 2021 ലാണ് സച്ചിൻ കൂൺ കൃഷിയിൽ പരീക്ഷണം ആരംഭിച്ചത്. വ്യത്യസ്ത ഇനങ്ങൾ ഉപയോഗിച്ച് ചെറിയ തോതിലുള്ള പരീക്ഷണങ്ങൾ നടത്തിയ ശേഷം, വീട്ടിൽ തന്നെ പ്രവർത്തിക്കുന്ന ഒരു യൂണിറ്റിൽ നിന്ന് അദ്ദേഹം മുത്തുച്ചിപ്പി കൂണുകളുടെയും കൂൺ സ്‌പോണുകളുടെയും വാണിജ്യ ഉത്പാദനം ആരംഭിച്ചു.
ചെറുകിട ഉൽപ്പാദനത്തിന്റെ വെല്ലുവിളികളെ മറികടക്കാൻ, സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ചിൽ ഉൾപ്പെടെ പ്രത്യേക പരിശീലനം നേടി. തുടർന്ന് ബളാൽ കൃഷി ഭവൻ്റസഹായത്തോടെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ (എഐഎഫ്) കീഴിൽ 1.7 കോടി രൂപ വായ്പയെടുത്ത് അദ്ദേഹം ഒരു പ്രത്യേക വാണിജ്യ സംവിധാനം ഒരുക്കി. എടത്തോട് സ്ഥിതി ചെയ്യുന്ന ഫാമിൽ വെർടിക്കൽ കൃഷിയും ബോട്ടിൽ ഹൈടെക്സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ന്യൂട്രിബഡ്സ് നിലവിൽ വെള്ള, പിങ്ക്, ഗ്രേ ഓയിസ്റ്റർ കൂൺ, എൽമ് ഓയിസ്റ്റർ, വുഡ് ഇയർ, ഷിറ്റേക്ക്, ലയൺസ് മേൻ, റീഷി എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾ കൃഷി ചെയ്യുന്നു. ഈ സംരംഭം സ്പോൺ, ടിഷ്യു കൾച്ചറുകൾ, മദർ സ്പോൺ, കൂൺ ബെഡുകൾ എന്നിവയും ഉത്പാദിപ്പിക്കുന്നു.
കർഷകർ, വിദ്യാർത്ഥികൾ, ഗ്രാമീണ യുവാക്കൾ എന്നിവർക്കായി സച്ചിൻ പരിശീലന പരിപാടികളും നടത്തുന്നുണ്ട്.








