‘എന്റെ ഭര്‍ത്താവിനെ ഒരു അപകടത്തില്‍ കൊല്ലുക, അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’; ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവ് കണ്ടത് തന്നെ കൊന്ന് റോഡപകടമാക്കാനുള്ള പദ്ധതി; ഭാര്യയും ആണ്‍സുഹൃത്തും ഒളിവില്‍

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി മരണം റോഡപകടമാക്കി മാറ്റാന്‍ കാമുകനുമായി പദ്ധതിയിട്ട യുവതിയും ആണ്‍സുഹൃത്തും ഒളിവില്‍. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഡോര്‍ണക്കല്‍ മണ്ഡലത്തിലാണ് സംഭവം. ഖമ്മമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജി. രാജേശ്വര റാവു നല്‍കിയ പരാതിയില്‍
ഭാര്യ ഭവാനിക്കും കൊറിയര്‍ ഡെലിവറി ഏജന്റായ സൈദുലുവിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യപേട്ട് ജില്ലയിലെ രാഘവപുരം സ്വദേശിനിയായ ഭവാനിയെ 2016-ലാണ് പരാതിക്കാരനായ ഗഡെ രാജേശ്വര റാവു വിവാഹം കഴിച്ചത്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. തന്റെയും രണ്ട് പെണ്‍മക്കളുടേയും ജീവനു ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ജി. രാജേശ്വര റാവു പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ജൂലൈ 27-ന് ഊണുകഴിക്കാനായി വീട്ടിലെത്തിയ റാവു ഭാര്യയെ മറ്റൊരു വ്യക്തിയോടൊപ്പം കണ്ടെത്തി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും, താന്‍ ഇല്ലാത്തപ്പോള്‍ ഒരുയുവാവ് വീട്ടില്‍ പതിവായി വരാറുണ്ടെന്നും രാജേശ്വര റാവു മനസിലാക്കി. തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ അവര്‍ തമ്മില്‍ പ്രണയമുണ്ടെന്ന് വ്യക്തമായി. ഭവാനിയും സൈദുലുവും തമ്മിലുള്ള വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ചാറ്റ് സന്ദേശങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഇദ്ദേഹത്തിന് ലഭിച്ചു. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കൊലപ്പെടുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് ഭവാനി കാമുകനോട് പറയുന്ന സന്ദേശങ്ങളാണ് കണ്ടെത്തിയത്. കൊല വീടിനുള്ളില്‍ വെച്ചായാല്‍ സംശയം തന്നിലേക്ക് നീളുമെന്നും, പകരം റോഡപകടം പോലെ തോന്നിപ്പിച്ച് കൊലപ്പെടുത്തണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. ഭര്‍ത്താവിനെ വധിച്ചില്ലെങ്കില്‍ താന്‍ സ്വയം അതുചെയ്യുമെന്നും ചാറ്റില്‍ വ്യക്തമാക്കുന്നുണ്ട്. മെസേജുകള്‍ കണ്ട് ഭയന്ന രാജേശ്വര റാവു തനിക്കും രണ്ട് പെണ്‍മക്കള്‍ക്കും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡോര്‍ണക്കല്‍ പൊലീസില്‍ പരാതി നല്‍കി. സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഖമ്മം റൂറല്‍ പൊലീസ് സ്റ്റേഷിലേക്ക് മാറ്റി. പരാതിക്കാരന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളും സന്ദേശങ്ങളുടെ ആധികാരികതയും പൊലീസ് പരിശോധിച്ചു വരികയാണെന്ന് ഖമ്മം റൂറല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. രാജു വ്യക്തമാക്കി. നിലവില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
Scroll to top

You cannot copy content of this page