തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്. ദുരിതബാധിതര്‍ക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് അനുവദിച്ച തുകയുടെ പ്രധാന പങ്കും വിനിയോഗിക്കുക. ലിസ്റ്റിലുള്ള 5,208 എന്‍ഡോസള്‍ഫാന്‍ ഗുണഭോക്താക്കള്‍ക്ക് മാസാന്ത ആശ്വാസ ധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്ന 1,000 ഗുണഭോക്താക്കള്‍ക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. 771 കെയര്‍ ഗിവേഴ്‌സിന് നല്‍കുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി. 400 കുട്ടികളുടെ 2026-27 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈല്‍ഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഇനിയും അവഗണിക്കപ്പെടേണ്ടവരല്ലെന്നും, ആ പാവങ്ങള്‍ക്ക് നല്‍കിയ വാക്ക് യു.ഡി.എഫ് സര്‍ക്കാര്‍ പാലിക്കുന്നുവെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.








