കോഴിക്കോട്: അധ്യാപികമാര്‍ അറസ്റ്റിലായ വടകര എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകള്‍ ഫോണില്‍ നിന്നും കണ്ടെത്തിയതായാണ് സൂചന. എന്‍ഡിപിഎസ് കേസിലെ പ്രതികളുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അധ്യാപികമാരും ജിജിലും ഷിന്റോയ്ക്ക് പണം അയച്ചതായി കണ്ടെത്തിയിരുന്നു. കീര്‍ത്തന, കേസിലെ മറ്റ് പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ നടത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ലഹരി വില്‍പ്പനയ്ക്ക് ഇവര്‍ കുട്ടികളെ ഉപയോഗിച്ചിട്ടുള്ളതായി സൂചനയുണ്ട്. ഇക്കാര്യം ഗൗരവത്തിലെടുത്ത് പൊലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികമാര്‍ ലഹരിമരുന്ന് വിപണനത്തിനായി പ്രധാനമായും ലക്ഷ്യമിട്ടത് കോളേജ് വിദ്യാര്‍ത്ഥിനികളെയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിദ്യാര്‍ത്ഥിനികളുമായി ഇവര്‍ പരിചയം സ്ഥാപിക്കുന്നത്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിച്ചിരുന്നു. പിന്നീട് ലഹരി വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതോടെയാണ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും പൊലീസ് സൂചിപ്പിക്കുന്നു. സുഹൃത്തുകളായ മറ്റ് അധ്യാപികമാരെയും ലഹരി ഇടപാടിലേക്കു കൊണ്ടുവന്നതും കീര്‍ത്തനയാണെന്നാണു സൂചന. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട കീര്‍ത്തനയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് കോടതി കീര്‍ത്തനയെ കസ്റ്റഡിയില്‍ വിട്ടത്. വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ, ഫുഡ് ഡെലിവറി ബോയ് ജിജില്‍ കുര്യാക്കോസ് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതി ഷിന്റോയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.








