ന്യൂഡല്‍ഹി: ഗര്‍ഭിണിയായ മകളെ അപമാനഭയത്താല്‍ കൊലപ്പെടുത്തിയ കേസില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. സൗത്ത് ഡല്‍ഹിയിലെ ടിഗ്രിയില്‍ താമസിക്കുന്ന ലഖ്പത് സിംഗും(52) ബന്ധുവുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. 18 കാരിയായ മകള്‍ ഗര്‍ഭിണിയായതറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ചികിത്സയ്ക്കെന്ന പേരിലാണ് ലഖ്പത് സിംഗ് മകളെ ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള സ്വന്തം നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ജൂലൈ 29 നാണ് സംഭവം. ഒരു ബന്ധുവിനൊപ്പം സിംഗ് തന്റെ മകളെ ആഗ്രയിലെ ബസൗനി പ്രദേശത്തെ ചമ്പല്‍ നദിയുടെ തീരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതു പ്രകാരം നദിയില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നദിയില്‍ ഒഴുക്കിവിടുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഡല്‍ഹിയിലേക്ക് മടങ്ങിയ ലഖ്പത് സിംഗ് മകളെ കാണാതായതായി പൊലീസില്‍ പരാതി നല്‍കി. ആരും തന്നെ സംശയിക്കാതിരിക്കാന്‍ കേസ് തട്ടിക്കൊണ്ടുപോകലോ തിരോധാനമോ ആയി വരുത്താന്‍ അയാള്‍ ശ്രമിച്ചു. അന്വേഷണത്തിനിടെ പിതാവിന്റെ മൊഴികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്. കുറ്റം സമ്മതിച്ചതോടെ ലഖ്പതിനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ആഗ്രയിലെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും നദിയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു








