മുവാറ്റുപുഴ: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടത്തിയ കള്ളന്‍ പിടിയിലായി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുര്യന്‍മല സ്വദേശി നൈസാബിനെ (28) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണശ്രമത്തിനിടെ മറന്നുവച്ച മൊബൈല്‍ ഫോണും ജീന്‍സും എടുക്കാന്‍ പിറ്റേദിവസം തിരികെയെത്തിയപ്പോള്‍ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു വെള്ളൂര്‍ക്കുന്നത്തെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടന്നത്. ഗോവണിയില്‍ ജീന്‍സ് അഴിച്ചുവെച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് കള്ളന്‍ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ രണ്ടാം നിലയില്‍ കയറിയത്. പൂട്ട് ആയുധം ഉപയോഗിച്ച് മുറിക്കാനും പൊളിക്കാനും ശ്രമിച്ചെങ്കിലും മോഷണം നടത്താന്‍ സാധിച്ചില്ല. ആരോ വരുന്നതായി സംശയം തോന്നിയപ്പോള്‍ മോഷണ ശ്രമം ഉപേക്ഷിച്ചു. മൊബൈല്‍ ഫോണും ഊരിവച്ച പാന്റ്‌സും എടുക്കാതെ ഇയാള്‍ അവിടെ നിന്ന് സ്ഥലം വിട്ടു. ബുധനാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയില്‍പെട്ടത്. ഗോവണിയില്‍ വസ്ത്രവും മൊബൈല്‍ ഫോണും കിടക്കുന്നതും കണ്ടു. കള്ളന്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് വസ്ത്രവും ഫോണും കസ്റ്റഡിയിലെടുത്ത് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. ഉച്ചയോടെ ഫോണ്‍ എടുക്കാന്‍ പ്രതി തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ കൈയോടെ പിടികൂടുകയായിരുന്നു. അതിക്രമിച്ച് കടന്നതിനും മോഷണശ്രമത്തിനും നൈസാബിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.








