കണ്ണൂര്‍: മയക്കുമരുന്ന് കടത്തിനും മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ക്കുമായി വ്യാജരേഖകള്‍ ചമച്ച് ബാങ്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച കേസില്‍ രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍(39), എറണാകുളം പള്ളുരുത്തി സ്വദേശി കെ എം റിഷാദ്(41) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇരുവരെയും തലശ്ശേരി എഎസ്പി ഡോ.എം നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതികളില്‍നിന്ന് 100 ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍, വിവിധ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണുകള്‍, വ്യാജ സീലുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. എംഡിഎംഎ കേസില്‍ പ്രതിയായ തലശ്ശേരി ചിറക്കര സ്വദേശി മുജ്തബ എന്ന താബുവിനെ(28) അടുത്തിടെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയതോടെയാണ് വ്യാജ അക്കൗണ്ട് നിര്‍മാണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. മുജ്തബയെ വിശദമായി ചോദ്യം ചെയ്തതോടെ വ്യാജരേഖ ചമച്ചവരിലേക്ക് പൊലീസ് എത്തുകയായിരുന്നു. പ്രതികള്‍ക്ക് പിന്നില്‍ വലിയൊരു ലഹരി-തട്ടിപ്പ് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം തലശ്ശേരി എ.എസ്.പി നന്ദഗോപന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.








