തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് മുന്നറിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നല്‍കിയത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണെന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.








