പയ്യന്നൂര്‍: ലോറിയില്‍ കടത്താന്‍ ശ്രമിച്ച 7000 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശി അഖിലിലാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ പെരുമ്പ ദേശീയ പാതയില്‍ വച്ച് പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈശാഖിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് പിടികൂടിയത്. 200 കന്നാസുകളിലാക്കി കര്‍ണാടക ഹൂബ്ലിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ലോറിയില്‍ കടത്തുകയായിരുന്നു സ്പിരിറ്റ്. 35 ലിറ്ററിന്റെ 200 കന്നാസുകളും ഉമിച്ചാക്കുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത്. വരാനിരിക്കുന്ന ഓണക്കാലത്ത് വ്യാജമദ്യ നിര്‍മ്മാണം ലക്ഷ്യമിട്ടാണ് ഇത്രയധികം സ്പിരിറ്റ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പ്രതിയെ ഉച്ചയോടെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പയ്യന്നൂര്‍ മുമ്പാകെ ഹാജരാക്കും.








