കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനിലെ പഴയ മേല്‍നടപ്പാലം അടച്ചിട്ടു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇനി റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ തെക്ക് ഭാഗത്തുള്ള മേല്‍നടപ്പാലത്തിലൂടെ വേണം ഒന്നാംപ്ലാറ്റ് ഫോമിലേക്കും തിരിച്ചും നടന്നുപോവേണ്ടത്. ഈ മേല്‍നടപ്പാലത്തിലെ ലിഫ്റ്റ് ഇന്ന് പണിമുടക്കിയതോടെ വയോധികരും ഭിന്നശേഷിയുള്ളവരും രോഗികളും ഏറെ പ്രയാസത്തിലായി. പലപ്പോഴും ലിഫ്റ്റ് പണിമുടക്കാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് പാലക്കാട് ഡിവിഷനിലെ ഡിആര്‍എം നടത്തിയ പരിശോധനയില്‍ വടക്കുഭാഗത്തുള്ള മേല്‍നടപ്പാലത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് മേല്‍നടപ്പാലം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം ഈ മേല്‍പ്പാലത്തിലൂടെ രണ്ടാംകവാടത്തിലേക്ക് പോകാന്‍ വഴിയൊരുക്കിയിട്ടുണ്ട്. അതേസമയം അടച്ചിട്ട മേല്‍പ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.







