ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു
മുഗള്‍ ഭരണകാലത്ത് നിര്‍മ്മിച്ച താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടാണ് അഖില ഭാരത ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പൂജ നടത്താന്‍ ശ്രമിച്ചത്. ഇവരെ പൊലീസ് സംഘം വഴിയില്‍ തടഞ്ഞു. കാന്‍വാര്‍ തീര്‍ത്ഥാടകരായിരുന്ന 11 ഹിന്ദു മഹാസഭ വനിതാ പ്രവര്‍ത്തകരാണ് തിങ്കളാഴ്ച ജലാഭിഷേകം നടത്താന്‍ ശ്രമിച്ചത്. തേജോമഹാലയ എന്ന ഹിന്ദു ക്ഷേത്രമാണ് താജ് മഹലെന്നവകാശപ്പെട്ടായിരുന്നു ജലാഭിഷേക നീക്കം.
പൂജക്കെത്തിയവരെ പൊലീസ് അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടു പോവുകയും അവിടെ ജലാഭിഷേകം നടത്തുകയുമായിരുന്നു. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നവകാശപ്പെട്ട് നേരത്തേയും ഇവിടെ പൂജാ ശ്രമം നടന്നിട്ടുണ്ട്.








