പി പി ചെറിയാൻ
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ ഇ സി എഫ് പ്രസിഡന്റ് വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ അറിയിച്ചു
സംയുക്ത സുവിശേഷ കൺവെൻഷൻ 7, 8, 9 തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർചിലാണ് കൺവെൻഷന്.
എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന കൺവെൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള നഷ്ടവും വീണ്ടെടുപ്പും എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ വിഷയം.
ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ,റവ. ഫാ. ബേസിൽ അബ്രഹാം, അലക്സ് അലക്സാണ്ടർ, അലക്സ് പള്ളിവതുക്കൽ,ജോൺ തോമസ്, ലിൻഡ സൈമൺ മാത്യു,റവ . ഫാ. എബ്രഹാം വി. സാംസൺ, റവ. ഫാ. ബിൻസ് ചേത്തലിൽ, റവ. ഫാ. ബൈജു ഈപ്പൻ, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
കൺവെൻഷൻ ശുശ്രൂഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.








