മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം വീതം ധനസഹായം; 15 പേര്‍ മരണപ്പെട്ടു, ഏഴുപേരെ കാണാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴ് പേരെ കാണാതായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ നടത്തി. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. മഴക്കെടുതിയില്‍ 165 ഹെക്ടര്‍ കൃഷി നശിച്ചു. 316 ക്യാംപുകളിലായി 11,018 പേരാണ് താമസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 8 ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ അടിയന്തരമായി അനുവദിച്ചു. ക്യാംപുകളില്‍നിന്നു വെള്ളം കയറിയ വീടുകളിലേക്കു മടങ്ങുന്നവര്‍ക്കു ശുചീകരണത്തിനായി 10, 000 രൂപ ഉടന്‍ നല്‍കും. മഴയില്‍ വീട് തകര്‍ന്നവര്‍ക്ക് 6 ലക്ഷം നല്‍കും. മണ്ണിടിച്ചിലില്‍ വീട് ഒഴുകിപ്പോകുകയും അവിടെ വീണ്ടും വീട് വയ്ക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്‍കുന്ന ധനസഹായം 10 ലക്ഷത്തില്‍നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണക്കെട്ടുകളില്‍നിന്നു വെള്ളം തുറന്നുവിടുന്നു എന്നതുള്‍പ്പെടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനപ്പെട്ട ഡാമുകളില്‍ ജലനിരപ്പ് കുറവാണെന്നും മൂഴിയാറില്‍ മാത്രമാണ് ചെറിയതോതില്‍ പ്രശ്നമുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page