കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. നിലവിൽ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. മഴ ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയത്. ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങൾ പോലീസ് നിയന്ത്രിക്കുകയാണ്. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കാല്‍ അടി വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും ആരും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ലെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.








