ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസാണ് കോടതി തള്ളിയത്. 2023 ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ആറ് പരാതികളുടെ അടിസ്ഥാനത്തില്‍ 2023 ഏപ്രില്‍ 28ന് ഡല്‍ഹിയിലെ കണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ ബ്രിജ് ഭൂഷണും വിനോദ് തോമറിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതേ സ്റ്റേഷനില്‍ പോക്‌സോ കേസും എടുത്തിരുന്നു. പിന്നീട് കുട്ടി പരാതി പിന്‍വലിക്കുകയായിരുന്നു. ഒളിംപിക് മെഡല്‍ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഡല്‍ഹി പൊലീസ് മുന്‍ എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ കേസെടുത്തത്. 1500 പേജുള്ള കുറ്റപത്രം 2023 ജൂണ്‍ 15ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനില്‍ നിന്ന് അതിക്രമം നേരിട്ടതായി ആരോപിച്ചിരുന്നു. റെസ്ലിംഗ് ഫെഡറേഷന്‍ ഇപ്പോഴും ബ്രിജ് ഭൂഷണിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. താന്‍ ആദ്യം പറഞ്ഞത് തന്നെയാണ് ഇപ്പോള്‍ ശരിയായിരിക്കുന്നതെന്നും തനിക്കെതിരെ രംഗത്തുവന്നവരെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page