കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്തെ വെള്ളക്കെട്ടില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന്‍ മരിച്ചു. കാപ്പാട് കണ്ണങ്കടവ് പടിഞ്ഞാറെ മൂസക്കണ്ടി വീട്ടില്‍ നൗഷാദിന്റെ മകന്‍ മാസിന്‍ നൗഷാദ് (2) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഇവരുടെ വീട്ടുമുറ്റത്ത് വലിയ കുഴിയില്‍ കെട്ടിക്കിടന്നിരുന്നു. കളിക്കുന്നതിനിടെ മുറ്റത്തേക്കിറങ്ങിയ കുട്ടി അബദ്ധത്തില്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവേ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടു നല്‍കും. ഷംനത്ത് ആണ് മാതാവ്. മിന്‍ഹാദ്, മെഹറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.








