ബംഗളൂരു: കാവേരി നദീജല തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ് നടനും മുഖ്യമന്ത്രിയുമായ വിജയ് ചിത്രം ‘ജനനായകന്‍’ പ്രദര്‍ശനം കര്‍ണാടകയില്‍ നിര്‍ത്തിവച്ചു. തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കര്‍ഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനം ഒഴിവാക്കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി, പല തിയേറ്റര്‍ ഉടമകളും സ്വമേധയാ ‘ജനനായകന്‍’ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.
പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബംഗളൂരു നഗരത്തിലെ ഉര്‍വശി തിയേറ്ററിലും ‘ജനനായകന്‍’ പ്രദര്‍ശനം നിര്‍ത്തിവെച്ചു. തിയേറ്റര്‍ ജീവനക്കാര്‍ ചിത്രത്തിന്റെ പ്രൊമോഷണല്‍ വസ്തുക്കള്‍ നീക്കം ചെയ്യുകയും, പകരം ‘കരവലി’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി തിയേറ്ററിന് പുറത്ത് വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. മാണ്ഡ്യയിലും കാവേരി ജലവിതരണ തര്‍ക്കം ശക്തമായതിനെ തുടര്‍ന്ന് പ്രൊമോഷണല്‍ ബാനറുകള്‍ കന്നഡ അനുകൂല പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. കര്‍ണാടകയിലെ ഏകദേശം 125 മുതല്‍ 150 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത്. ഇതില്‍ 75-ലധികം സിംഗിള്‍ സ്‌ക്രീന്‍ സിനിമാശാലകളും ഏകദേശം 50 മള്‍ട്ടിപ്ലക്‌സുകളും ഉള്‍പ്പെടുന്നു. അതിനിടെ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ഔദ്യോഗികമായി അഭ്യര്‍ഥിക്കാനാണ് കര്‍ണാടകയുടെ തീരുമാനം. വെള്ളം വേണ്ടെന്ന് പറയാതെ വിജയ്‌നെ ബംഗളൂരുവിലേക്ക് വരാന്‍ സമ്മതിക്കില്ലെന്നും വിമാനത്താവളത്തില്‍ തടയുമെന്നുമാണ് വിവിധ സംഘടനകളുടെ മുന്നറിയിപ്പ്.








