മുത്തങ്ങയില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസ്; എല്ലാ പ്രതികളെയും വെറുതെവിട്ടു, അബ്ദുല്‍സലാം വധശ്രമക്കേസില്‍ 4 പ്രതികള്‍ക്കും 5 വര്‍ഷം കഠിന തടവും പിഴയും

കല്‍പറ്റ: മുത്തങ്ങ സമരത്തിനിടെ കണ്ണൂര്‍ കെ.എ.പി. നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍
കെ.വി.വിനോദ് കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. കേസില്‍ മരണപ്പെട്ട അശോകന്‍ മാത്രമാണ് പ്രതി. പ്രതി മരിച്ചതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഗീതാനന്ദനടക്കം 56 പേരുടെ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. മുഴുവന്‍ പേരെയും കേസില്‍ കോടതി വെറുതെ വിട്ടു. പൊലീസുകാരന്‍ അബ്ദുള്‍ സലാമിനും വനപാലകര്‍ക്കും പരിക്കേറ്റ കേസില്‍ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗീതാനന്ദന്‍, ബിനു, രമേശന്‍ കോയാലിപ്പുര, അനില്‍കുമാര്‍ എന്നിവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 23 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി വിധിവരുന്നത്. 2003 ജനുവരിയിലാണ് മുത്തങ്ങയില്‍ സംഘര്‍ഷം ആരംഭിച്ചത്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസികുടുംബങ്ങള്‍ മുത്തങ്ങയിലെ കാടുകളില്‍ കുടില്‍കെട്ടി സമരം നടത്തുകയായിരുന്നു. ഫെബ്രുവരി 19-ന് സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള പൊലീസ് നടപടിക്കിടെയാണ് അവര്‍ ബന്ദിയാക്കിയ വിനോദിന് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വിനോദ് മരിക്കുകയായിരുന്നു. പൊലീസ് വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയില്‍നിന്ന് വയനാട് സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page