ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങൾ കടത്തി; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ കണ്ട്അമ്പരന്ന് ജീവനക്കാർ

ബെംഗളൂരു: കർണാടക തുമകുരുവിലുള്ള ജ്വല്ലറിയിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രാഭരണങ്ങൾ മോഷണംപോയി. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എല്ലാവരും ഒന്നു അമ്പരന്നു. ഒരു എലി ആയിരുന്നു മോഷ്ടാവ്.
തുമകുരു കാൽടെക്‌സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കട പൂട്ടി പോയ ജീവനക്കാർ പിറ്റേന്ന് കട തുറന്ന് പരിശോധിച്ചപ്പോഴാണ് 50 ഗ്രാമിലധികം വരുന്ന വജ്ര, സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. കള്ളന്മാർ ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ ലക്ഷണം ഒന്നും കണ്ടില്ല. കടയുടെ ഷട്ടറുകൾ തകർക്കപ്പെട്ടിരുന്നില്ല. ഉള്ളിൽ ആരെങ്കിലും കയറിയതിന്റെ സൂചന പോലും ലഭിച്ചില്ല. പിന്നെ ആരാണ് മോഷണം നടത്തിയത് എന്ന അന്വേഷണത്തിലായിരുന്നു ഉടമയും ജീവനക്കാരും. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. ആഭരണങ്ങൾ ഓരോന്നായി ‘ഒരു എലി’ കടത്തിക്കൊണ്ടുപോകുന്നതാണ് അവർക്ക് ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചത്. എലി ആഭരണങ്ങൾ തറയിലൂടെ വലിച്ച് അതിന്റെ മാളത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നാലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, എലിയുടെ നീക്കങ്ങൾ പിന്തുടർന്ന ജീവനക്കാർ മാളം കണ്ടെത്തുകയും അത് കുഴിച്ചു പരിശോധിക്കുകയും ചെയ്തു. പിന്നീട് 10 മോതിരങ്ങളും മൂന്ന് മാലകളും ഉൾപ്പെടെ കാണാതായ എല്ലാ ആഭരണങ്ങളും മാളത്തിനുള്ളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി. എലി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page