കാസര്‍കോട്: വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന 3.800 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ ഒരു വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം, മീഞ്ച, മിയാപ്പദവ് ലക്ഷം വീട് കോളനിയിലെ വിന്‍സെന്റ് ഡിസൂസ (38)യെ ആണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.
2026 ജൂണ്‍ 15ന് വൈകുന്നേരം നാലുമണിയോടെയാണ് കഞ്ചാവുമായി വിന്‍സെന്റിനെ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം എസ്‌ഐ എ .ബാലചന്ദ്രന്‍, എഎസ്‌ഐ രാമചന്ദ്രന്‍, പൊലീസുകാരായ കെ. മനു, അഭിജിത്ത്, മോഹന്‍, കൃഷ്ണ എന്നിവരാണ് കഞ്ചാവ് പിടികൂടിയത്. പിന്നീട് ഇന്‍സ്‌പെക്ടര്‍മാരായ അനൂബ് കുമാര്‍, കെ.പി ഷൈന്‍ എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ അരുണ്‍ ദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ കോടതിയില്‍ ഹാജരായി.







