കോഴിക്കോട്: എംഡിഎംഎ കേസില്‍ പിടിയിലായ അധ്യപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് മംഗളൂരുവിലെ ലഹരിമാഫിയുമായി ഇരുവരും ബന്ധം സ്ഥാപിച്ചത്. ആദ്യം
ലഹരി മാഫിയ സംഘം ഇവര്‍ക്ക് എംഡിഎംഎ ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. ഇഷ്ടപ്പെട്ടതോടെ വില്‍പനയിലും ഇവര്‍ സജീവമാവുകയായിരുന്നു. ഇതിന് ഇവര്‍ക്ക് വന്‍ തുക കമ്മിഷനും കിട്ടിയിരുന്നു.
രണ്ടുപേരും അദ്ധ്യാപികമാരായതിനാല്‍ മാഫിയ ഇവരെ പരാമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടുപേരും വിവാഹിതരായിരുന്നെങ്കിലും ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. എംഡിഎംഎ വാങ്ങുന്നവര്‍ അക്കൗണ്ടിലേക്ക് അയയ്ക്കുന്ന പണം ഇവര്‍ സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. കാവ്യ ആഢംബര കാര്‍ വാങ്ങിയതോടെ നാട്ടുകാരിലും സംശയമുണ്ടായിരുന്നു.
കാവ്യയുടെ പേരിലാണോ കാര്‍ വാങ്ങിയതെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
കാവ്യയും കീര്‍ത്തനയും മറ്റൊരു അധ്യാപികയും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ ഒന്നിച്ച് മംഗളൂരുവിലും ബംഗളൂരുവിലും യാത്രപോയതിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത സുഹൃത്തായ മറ്റൊരു അധ്യാപികയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബംഗളൂരുവില്‍ അടുത്ത ബന്ധുവുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. അതിനാല്‍ അവരും അധ്യാപികമാരെ സംശയിച്ചില്ല. അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ചുകഴിഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ടി. ഉത്തംദാസ് ഈ കേസില്‍ ഒട്ടേറെപ്പേര്‍ക്ക് പങ്കുള്ളതായി കാണിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പി. മെറിന്‍ ജോസഫ് അന്വേഷണ സംഘം രൂപീകരിച്ചത്.
അറസ്റ്റിലായവരുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഈ കേസില്‍ കൂടുതല്‍ കണ്ണികളുണ്ടെന്നും ഉറവിടം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും എസ്.പി. മെറിന്‍ ജോസഫ് പറഞ്ഞു.
റിമാന്‍ഡില്‍ കഴിയുന്ന പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്റര്‍ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യയെ (29) ജോലിയില്‍നിന്നു തിങ്കളാഴ്ച പിരിച്ചുവിട്ടിരുന്നു.








