പൂനെ : ആലുവയിൽ നിന്ന് നാലുദിവസം മുമ്പ് കാണാതായ 12 കാരിയെ ഇന്ന് വൈകിട്ട് ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം സ്വദേശിയുമായ 25 കാരനൊപ്പം പൂനെയിൽ കണ്ടെത്തി. കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിന് തിരച്ചിലിലായിരുന്ന ആലുവ പോലീസ് ആണ് കുട്ടിയെ നിസാമുദ്ദീൻ എക്സ്പ്രസ്സിൽ പൂനയിൽ കണ്ടെത്തിയത്. പെൺകുട്ടിയെയും ഇൻസ്റ്റഗ്രാം ചങ്ങാതിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുമായി പൊലീസ് നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ചങ്ങാതിയുടെ ഫോൺ നമ്പർ തന്ത്രത്തിൽ തരപ്പെടുത്തിയ പോലീസ് ആ ഫോൺ നമ്പർ പിന്തുടർന്നാണ് ട്രെയിനിൽ നിന്ന് ഇരുവരെയും പിടികൂടിയത്. ശനിയാഴ്ച കൂട്ടുകാരിയുടെ കയ്യിൽ നിന്ന് ബുക്കു വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടിയെന്ന് പറയുന്നു. ഇൻസ്റ്റഗ്രാം ചങ്ങാതിക്കെതിരെ പോക്സോ കേസ് എടുത്തേക്കുമെന്ന് സൂചനയുണ്ട്.








