അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു; ഏഴുമാസത്തിനുള്ളിൽ മരിച്ചത് 41 പേർ; ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ തെറ്റിക്കുന്ന് ബിജുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 23നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജുവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. രോഗി വീട് വിട്ട് പുറത്ത് എവിടെയെങ്കിലും പോയതായോ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കിണറ്റിലെ വെള്ളത്തിൽ നിന്ന് രോഗബാധ ഉണ്ടാകാനാണ് സാധ്യത ഏറെയെന്നും നിലവിൽ ജലസാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്നും കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ റ്റി സരിതകുമാരി അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞവർഷം 47 പേരാണ് അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഈ വർഷം ഇതുവരെ 41 പേർ മരിച്ചത് രോഗബാധയുടെ വ്യാപ്‌തി കൂട്ടുന്നു. 155 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മലിനജലത്തിൽ നിന്നാണ് രോഗം പടരുന്നതെന്ന പ്രാഥമിക നിഗമനം പൂർണമായും ശരിയല്ലെന്നതാണ് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നത്. മലിനജലവുമായി സമ്പർക്കമില്ലാത്തവർക്കും രോഗബാധയുണ്ടായിട്ടുണ്ട്. ഭാസ്കരൻ, വിലാസിനി എന്നിവരാണ് ബിജുവിൻ്റെ മാതാപിതാക്കൾ. ഭാര്യ: രമ്യ. അദ്വൈത്, അഭിരാം എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page