ബംഗളൂരു: കര്‍ണാടകയിലെ എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനം. കോളേജുകള്‍ കേന്ദ്രീകരിച്ച് എച്ച്‌ഐവി ടെസ്റ്റ് നടത്താനാണ് നീക്കം. സ്റ്റേറ്റ് എയ്ഡ്‌സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകള്‍ നിര്‍ബന്ധമാക്കും. പ്രത്യേക ഹെല്‍ത്ത് ക്യാമ്പുകളിലൂടെയാവും കോളേജുകളില്‍ പരിശോധനയും കൗണ്‍സിലിംഗും നടത്തുക. വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. കര്‍ണാടകയില്‍ ആകെ 2.6 ലക്ഷം എച്ച്‌ഐവി ബാധിതരുണ്ടെന്ന് നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. ഇതില്‍ 54,000-ത്തോളം പേര്‍ തങ്ങള്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം അറിയാത്തവരാണ്. ഇത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.
18 നും 25നും ഇടയില്‍ പ്രായമുള്ള 7,000 രോഗബാധിതര്‍ സംസ്ഥാനത്തുണ്ട്. യുവാക്കളിലാണ് രോഗബാധ അതിവേഗം പടരുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എച്ച്‌ഐവി ബോധവല്‍ക്കരണം ശക്തമാക്കാനുള്ള നടപടി തുടങ്ങിയത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍. പദ്ധതിയുമായി സഹകരിക്കാന്‍ എല്ലാ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.








