കൊല്ലം: കൂട്ടുകാരുമായി പന്തയം വച്ച് ചിറയില്‍ നീന്താനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഞായറാഴ്ച വൈകിട്ട് ചിറയില്‍ മുങ്ങിയ യുവാവിന്റെ മൃതദേഹം സ്‌കൂബാ ടീം ഇന്ന് രാവിലെ മുങ്ങിയെടുത്തു.
കൊല്ലം ചക്കുവള്ളി പള്ളിശേരിക്കല്‍ ചിറക്കടുത്തെ ബാബുവാണ് വീട്ടിനടത്തുള്ള ചിറയില്‍ മുങ്ങി മരിച്ചത്. വിസ്തൃതമായ ചിറയുടെ ഒരു കരയില്‍ നിന്ന് നീന്തി മറുകരയില്‍ തൊട്ട ശേഷം തിരിച്ചു നീന്തിയെത്താമെന്നായിരുന്നു പന്തയമെന്നു പറയുന്നു. അതനുസരിച്ചു നീന്തല്‍ തുടങ്ങി. അധികം താമസിയാതെ മഴയില്‍ നിറഞ്ഞു കിടന്ന കുളത്തില്‍ മുങ്ങുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ നാട്ടുകാരെക്കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. കൊല്ലത്ത് നിന്ന് പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തിരച്ചിലാരംഭിച്ചു, ഒപ്പം സ്‌കൂബാ ടീമുമെത്തി. അവരുടെ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചു.








