വേണം ഉള്ളറിയും യന്ത്രം!

നാരായണന്‍ പേരിയ

”തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍”

(അന്യന്റെ ഉള്ള്- ഉള്ളിലുള്ളത്- മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനുള്ള ഉപായമൊന്നും ഈശ്വരന്‍ തന്നിട്ടില്ല).

എന്നാല്‍, ഭാഷയുണ്ട്; അതിനും പരിമിതികളുണ്ട്. അര്‍ത്ഥശങ്കകാരണം തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. പറയുന്ന ആള്‍ ഉദ്ദേശിച്ചതായിരിക്കില്ല കേള്‍ക്കുന്നവര്‍ മനസ്സിലാക്കുന്നത്. അര്‍ത്ഥശങ്ക- അതൊരു വിലങ്ങു തടിയാണ്.

അന്യന് തന്റെ ഉള്ള് കാണിച്ചു കൊടുക്കാന്‍ ഉപായമില്ല എന്ന് കവി, അതൊരല്‍പം മാറ്റിപ്പറയുക: പരന്റെ ഉള്ള് കാണാന്‍ എന്ന്. മറ്റുള്ളവരുടെ മനസ്സിലുള്ളത് എന്തെന്ന് കാണാനുള്ള ഉപായമില്ലല്ലോ നമുക്ക്- പരഹൃദയജ്ഞാനോപായമില്ല. എക്‌സ്‌റേ പോലെ ഉള്ളിലുള്ളത് കാണാനുതകുന്ന ഒരുപകരണം. ചെറുതായൊന്ന് മയക്കിക്കിടത്തിയ ശേഷം, ചോദിച്ചാല്‍ ഉണര്‍ന്നിരിക്കുമ്പോള്‍ പറയാന്‍ മടിക്കുന്നതെല്ലാം പറയും എന്ന് കേട്ടിട്ടുണ്ട്. കുറ്റാന്വേഷകര്‍ ഈ വഴിക്കും ശ്രമിക്കാറുണ്ടത്രേ. എന്നാല്‍ അങ്ങനെ ലഭിക്കുന്ന വിവരം കോടതി മുഖവിലയ്‌ക്കെടുക്കാറില്ല. കാരണം പഠിച്ച കള്ളന്മാര്‍- മനോദാര്‍ഢ്യമുള്ളവര്‍- എല്ലാം അതിക്രമിക്കുമല്ലോ.

ഈ സ്ഥിതിയില്‍ കേരളാ പൊലീസ് മേധാവിയുടെ പുതിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ എത്രത്തോളം പ്രായോഗികമാകും? ഫലദായകമാകും? ( ആ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ് എന്ന് 22-7-26ന്റെ മാതൃഭൂമി പത്രത്തിലുണ്ട്). വിചാരണയ്ക്കായി തടവുകാരെ കോടതിയിലേയ്ക്കും തിരികെ ജയിലിലേയ്ക്കും കൊണ്ടുപോകുമ്പോള്‍ പൊലീസുകാര്‍ കൈവിലങ്ങണിയിക്കുന്നത് സംബന്ധിച്ചാണ് പൊലീസ് മേധാവി പറയുന്നത്.

ആരോപിക്കപ്പെട്ട കുറ്റം വിചാരണയിലൂടെ സ്ഥിരീകരിക്കുന്നത് വരെ പ്രതി എന്ന് പറയാന്‍ പാടില്ല; കുറ്റാരോപിതന്‍ എന്നേ പറയാന്‍ പാടുള്ളൂ. പ്രതി എന്നത് മുന്‍വിധിയാണ്. അത് ശരിയല്ല. ഇത് പണ്ടേയുള്ള വ്യവസ്ഥയാണ്.-ആരും ശ്രദ്ധിക്കാറില്ലെങ്കിലും അയാള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതാണ് പ്രതി എന്ന വിളി. അതുപോലെതന്നെ കൈവിലങ്ങും. വിചാരണയ്ക്കായി കൈവിലങ്ങണിയിച്ചു കൊണ്ടുപോകുന്നത് കണ്ടാല്‍, കാണികള്‍ വിധിക്കും അതാ കുറ്റവാളി എന്ന്. അത്യുന്നത ന്യായാസനം പോലും നിരപരാധി എന്ന് അര്‍ത്ഥ ശങ്കയില്ലാതെ പ്രഖ്യാപിച്ചാലും പറയും; പഠിച്ച കുറ്റവാളി, പണത്തിനു മീതെ പരുന്തും പറക്കാന്‍ ധൈര്യപ്പെടുമോ?

കൈവിലങ്ങാണ് ഇവിടെ തെറ്റ്. ഒരുക്കല്‍ വിലങ്ങ് അണിയിക്കപ്പെട്ടാല്‍ ആജീവനാന്തം കൊടും കുറ്റവാളിയായി. അങ്ങനെ ജനം ധരിക്കും. ഈ അന്യായം ഒഴിവാക്കാനാണ് പൊലീസ് മേധാവി ഇപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയത്. വൈകിയുദിച്ച വിവേകം(പക്ഷേ, അര്‍ത്ഥശങ്കയ്ക്കിടയാക്കുന്ന പഴുതുകള്‍ അവിടെയും).

കൈവിലങ്ങണിയിക്കേണ്ട കുറ്റവാളികള്‍ ആരെല്ലാമാണ്?(അവ്യക്തതയുളവാക്കുന്ന പ്രശ്‌നങ്ങള്‍ ബ്രായ്ക്കറ്റില്‍ -ഈ കുറിപ്പുകാരന്റെ വക).

സ്ഥിരം കുറ്റവാളികള്‍(ആദ്യത്തെ കുറ്റമാണെങ്കില്‍ വിലങ്ങണിയിക്കേണ്ടാ സ്ഥിരം എന്ന് പറയാറായിട്ടില്ലല്ലോ) കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയവര്‍, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, ഭീകര പ്രവര്‍ത്തകര്‍, മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ടവര്‍, അനധികൃതമായി മാരകായുധങ്ങള്‍ കൈവശം വെച്ചവര്‍, കൊലക്കേസ് പ്രതികള്‍, ബലാത്സംഗം, സ്ത്രീപീഡനം ഇത്യാദികള്‍ നടത്തിയവര്‍, ആസിഡാക്രമണക്കേസിലെ പ്രതികള്‍, കള്ളനോട്ടടിക്കുന്നവര്‍, മനുഷ്യക്കടത്തുകാര്‍, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെയ്തവര്‍- ഇവരെയെല്ലാം അറസ്റ്റ് ചെയ്താലുടനെ വിലങ്ങണിയിക്കാം, കോടതിയിലേയ്ക്കും ജയിലിലേയ്ക്കും കൊണ്ടുപോകുമ്പോള്‍.

കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അയാളുടെ പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമ സ്വഭാവം- ഇതെല്ലാം പരിഗണിച്ചു വേണം വിലങ്ങണിയിക്കാന്‍.

ചുരുക്കിപ്പറഞ്ഞാല്‍, പ്രതികളുടെ മനസ്സറിയാനുള്ള പ്രാപ്തിയുണ്ടാകണം പൊലീസുകാര്‍ക്ക്. കോടതിയിലേക്കും തെളിവെടുപ്പിനും കൊണ്ടുപോകുമ്പോള്‍, കുറ്റകൃത്യത്തിന്റെ ഗൗരവം പ്രശ്‌നമാക്കാന്‍ പാടില്ല. അവര്‍ ചാടിപ്പോയാലോ? പൊലീസിന്റെ തൊപ്പി തെറിക്കും; പ്രതിക്കൂട്ടിലാകാനും സാധ്യതയുണ്ട്.

പ്രതികളെ കൊണ്ടുപോകുന്നത് എങ്ങനെ? ബസ്സില്‍ കൊണ്ടുപോകുമ്പോള്‍ ചാടിപ്പോകാനുള്ള സാധ്യതയുണ്ട്- വിലങ്ങണിയിച്ചില്ലെങ്കില്‍. യാത്രാ മധ്യേ ഹോട്ടലില്‍ കയറേണ്ടിവരാം. പലേടത്തും റോഡ് മുറിച്ചു കടക്കേണ്ടിവരും. എസ്‌കോര്‍ട്ട് പൊലീസുകാരുടെ എണ്ണം ഒരാള്‍ക്ക് രണ്ട് പൊലീസുകാര്‍. പൊലീസ് സേനയുടെ സംഖ്യാബലം കുറവാണെന്ന കാരണം പറയും. വി വി ഐ പി മാരുടെയും മറ്റും പരിപാടിയുണ്ടെങ്കില്‍ സുരക്ഷാ ചുമതല വഹിക്കേണ്ടതും പൊലീസുകാര്‍.

കൈവിലങ്ങാണ് ഒരേയൊരു മുന്‍കരുതല്‍. രക്ഷോപായം അല്ലെങ്കില്‍, വേണം ഉള്ളറിയും യന്ത്രം. അത് സാങ്കല്‍പ്പികം മാത്രമല്ലേ? സര്‍ക്കുലര്‍ വെറും കടലാസാകുമോ?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page